Saturday, February 18, 2012

കേരളത്തില്‍നിന്ന് ഉംറ തീര്‍ഥാടകരുടെ അഭൂതപൂര്‍വമായ ഒഴുക്ക്

ജിദ്ദ: പതിവില്‍നിന്ന് വ്യസ്തമായി കേരളത്തില്‍നിന്ന് ഉംറ തീര്‍ഥാടകരുടെ അഭൂതപൂര്‍വമായ ഒഴുക്ക്. വിവിധ ഉംറ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കീഴില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് ഉംറ തീര്‍ഥാടകരാണ് മക്കയിലും മദീനയിലുമായി കഴിയുന്നത്. അടുത്ത കാലം വരെ ഇന്ത്യയില്‍നിന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉംറ നിര്‍വഹിക്കാന്‍ എത്തിയിരുന്നുള്ളൂ. എന്നാല്‍ രണ്ടുമൂന്നു വര്‍ഷമായി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമായി മലയാളികള്‍, വിശിഷ്യാ സ്ത്രീകള്‍ ഉംറക്ക് എത്തിക്കൊണ്ടിരിക്കയാണ്. റമദാനിലാണ് കൂടുതലായി മലയാളികളെ പുണ്യ ഭൂമിയില്‍ കാണാറ്. എന്നാല്‍ ഇത്തവണ 'റബീഉല്‍ അവ്വല്‍' ആദ്യത്തില്‍ ഉംറ സീസണ്‍ തുടങ്ങിയപ്പോള്‍ തന്നെ വിവിധ ബാനറുകളില്‍ തീര്‍ഥാടകര്‍ എത്തിയതോടെ മക്കയും ഗസ്സ പോലുള്ള സമീപ പ്രദേശങ്ങളും മലയാളി മയമാണ്. സ്ത്രീകള്‍ ധരിക്കുന്ന മക്കനയില്‍നിന്ന് ഇവര്‍ എവിടെനിന്നാണ് വരുന്നതെന്നും ഏത് ഗ്രൂപ്പിന് കീഴിലാണെന്നും എളുപ്പത്തില്‍ വായിച്ചെടുക്കാനാവും.  മസ്്ജിദില്‍ ഹറാമിലും  പരിസരത്തും കൂട്ടം കൂടി നില്‍ക്കുന്ന പല നിറത്തിലുള്ള മക്കനകള്‍ യഥാര്‍ഥത്തില്‍ ഗള്‍ഫ് സമ്പന്നതയുടെ കേരളീയ കാഴ്ചയാണ് അവതരിപ്പിക്കുന്നത്. ഒരുവേള, നാട്ടിലെ പ്രമാണിമാരും സമ്പന്നരും മാത്രം താണ്ടിയ തീര്‍ഥാടനത്തിന്റെ വഴിയിലൂടെയാണ് സാധാരണക്കാരായ ഗ്രാമീണ കുടുംബങ്ങള്‍ പോലും കടന്നുവരുന്നത്. അല്‍ ഹിന്ദ്, അക്ബര്‍ ട്രാവല്‍സ് തുടങ്ങിയ ഈ രംഗത്തെ ബിഗ്ബാനറുകള്‍ക്ക് പുറമെ അവയുടെ ഉപഏജന്‍സികളായി വര്‍ത്തിക്കുന്ന പള്ളി ഇമാമാരുടെയും മറ്റും നേതൃത്വത്തില്‍ നാടൊന്നാകെ എത്തുന്നുണ്ട്.   സംഘടനയുടെ കീഴില്‍ എത്തുന്ന സംഘങ്ങള്‍ പലതും ഇതിനകം ആദ്യബാച്ചുമായി വന്ന് മദീനയിലേക്കുള്ള പാതയിലാണ്. കേരള ഹജ്ജ് ഗ്രൂപ്പിന്റെ കീഴില്‍ ജലീല്‍ മങ്കരത്തൊടിയുടെ നേതൃത്വത്തില്‍ 93 പേര്‍ അടങ്ങുന്ന സംഘം ഉംറ നിര്‍വഹിച്ച് മദീനയിലേക്ക് തിരിക്കുയാണ്. എല്ലാ മാസവും കേരള ഹജ്ജിന് ഗ്രൂപ്പിന് കീഴില്‍ തീര്‍ഥാടകരെത്തുന്നുണ്ടെന്നും റമദാനോട് വന്‍ സംഘമായിരിക്കും എത്തിച്ചേരുകയെന്നും ജലില്‍ മങ്കരത്തൊടി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. മര്‍ക്കസിന്റെ കീഴിലുള്ള 'റോസ് 'മക്കന ഹറം പരിസരത്ത് സാന്നിധ്യമറിയിക്കുന്നു. കണ്ണൂരില്‍നിന്ന് എസ്.കെ.എസ്.എസ്. എഫ് നേതാവ് അബ്ദുസ്സത്താര്‍ കൂടാളിയുടെ നേതൃത്വത്തില്‍ അല്‍ ഖലീജ് ഉംറ  ഗ്രൂപ്പിന് കീഴില്‍ ഇതിനകം 300പേരിലധികം വന്നുചേര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍നിന്ന് മാത്രം ഇതിനകം ആയിരത്തിലധികം ഉംറക്കാര്‍ മക്കയിലെത്തിയിട്ടുണ്ട്. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ മലപ്പുറത്തുനിന്നുതന്നെ. മിക്ക മലയാളി ഗ്രൂപ്പുകളും ഗസ്സ ഭാഗത്താണ് താമസിക്കുന്നത്.
'അല്‍ ഹിന്ദ്' പോലുള്ളവര്‍ ഹറമിന് സമീപം 'ത്രീ സ്റ്റാര്‍ ' സൗകര്യം ഒരുക്കുന്നുണ്ടത്രെ. 35,000 മുതല്‍ 45,000വരെയാണ് 15ദിവസത്തെ പാക്കേജിന് വാങ്ങുന്നത്. തുക കുറയുംതോറും ഹറമില്‍നിന്നുള്ള ദൂരം  കൂടും. എന്നാല്‍, ഹജ്ജ് സീസണിലെ തിരക്ക് ഇല്ലാത്തത് കൊണ്ട് താരതമ്യേന മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയുന്നുണ്ട്. ഉംറ തീര്‍ഥാടകരുടെ വരവ് ആഹ്ലാദചിത്തരാക്കുന്നത് ജിദ്ദയിലെ കച്ചവടക്കാരെയാണ്. പ്രത്യേകിച്ചും മലയാളികള്‍ മക്കയിലെത്തിയാല്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ ജിദ്ദ വരെ വരും എന്നത് ഷോപ്പിങ്ങിന്റെ സാധ്യത കൂട്ടുന്നു. ജിദ്ദ ശറഫിയയിലും ബലദിലും ഇതിന്റെ അലയൊലിയുണ്ട്. പ്രാദേശിക കൂട്ടായ്മകള്‍ ഇങ്ങനെ എത്തുന്ന തീര്‍ഥാടകര്‍ക്ക് ജിദ്ദയില്‍ സ്വീകരണം ഒരുക്കുന്നുമുണ്ട്.
അധികം ചൂടോ തണുപ്പോ ഇല്ലാത്ത നല്ല കാലാവസ്ഥയിലാണ് ലോകത്തിന്റെ നാനാദിക്കുളില്‍നിന്ന് തീര്‍ഥാടകര്‍ ഇത്തവണ ഒഴുകിത്തുടങ്ങിയത്. സ്കൂള്‍ അവധി ആരംഭിക്കുന്നതോടെ ഒഴുക്കിന് ആക്കം കൂടും. റമദാനോട് തിരക്ക് പാരമ്യതയിലെത്തും. അപ്പോഴും തുര്‍ക്കി, ഈജിപ്ത്, ഇറാന്‍ , മധ്യേഷന്‍ രാജ്യങ്ങള്‍, പാകിസ്തന്‍, ഇന്തോനേഷ്യ എന്നിവരോടൊപ്പം ഇന്ത്യക്ക് വേണ്ടി സാന്നിധ്യമറിയിക്കുന്നത് മലയാളികള്‍ തന്നെയായിരിക്കും.

No comments:

Post a Comment