Monday, February 27, 2012

അമുസ്‌ലിംകളുടെ മൃതദേഹം സൗദിയില്‍ സംസ്‌കരിക്കാം !!

 
  • ജിദ്ദ: ഇരുപത് ദിവസമായി തൃശൂര്‍ സ്വദേശി അനന്തുവും ഭാര്യ നിമിതയും അനുഭവിച്ച മാനസിക സംഘര്‍ഷത്തിന് ഇന്നലെ അറുതിയായി. പൂര്‍ണ വളര്‍ച്ചയെത്താതെ പ്രസവിച്ചതില്‍ മരിച്ചു പോയ കുഞ്ഞിന്റെ മൃതദേഹം എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു അവര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ ബലദ് ഇലക്ട്രിക് സൂഖിന് സമീപത്തെ അമുസ്‌ലിംകള്‍ക്കായുള്ള ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്‌കരിച്ചു. ഇരുപത് ദിവസം മുമ്പാണ് ജിദ്ദ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ച് നിമിത പ്രസവിച്ചത്. പൂര്‍ണ വളര്‍ച്ചയെത്താത്ത ആണ്‍കുട്ടിക്ക് ജീവനില്ലായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റുമായും സാമൂഹിക പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടുവെങ്കിലും അമുസ്‌ലിംകളെ ഇവിടെ മറവു ചെയ്യില്ലെന്നും മൃതദേഹം നാട്ടില്‍ കൊണ്ടു പോവണമെന്നുമുള്ള വിവരമാണ് ലഭിച്ചത്. പ്രസവം കഴിഞ്ഞ ഉടനെ ഭാര്യയുമായി നാട്ടില്‍ പോവാന്‍ അനന്തുവിന് കഴിയാത്ത അവസ്ഥയായിരുന്നു. 20 ദിവസം പല വാതിലുകളും മുട്ടിയെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് സാമൂഹിക പ്രവര്‍ത്തകനായ മുഹമ്മദലി(തമ്പി എടക്കര)യും കേരള റിലീഫ് വിങ് പ്രവര്‍ത്തകനായ അമീര്‍ ചെറുകോടും സൗദി അധികൃതരുമായി ബന്ധപ്പെട്ടു. അവിടെ നിന്നാണ് എത്യോപ്യന്‍ എംബസിയുടെ മേല്‍ നോട്ടത്തിലുള്ള ശ്മശാനത്തിലാണ് അമുസ്‌ലിംകളുടെ മൃതദേഹം സംസ്‌കരിക്കുക എന്ന വിവരം ലഭിച്ചത്. ജിദ്ദ എത്യോപ്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചപ്പോള്‍ അവിടെ നിന്ന് ഒരു ഫോറം നല്‍കി 1500 റിയാല്‍ സൗദി ഫ്രാന്‍സി ബാങ്കിലടക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതിനു ശേഷം ഐത്യോപ്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ ഇന്നലെ വൈകീട്ട് ബലദിലെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. അമുസ്‌ലിംകളുടെ മൃതദേഹം സൗദിയില്‍ സംസ്‌കരിക്കുമെന്ന കാര്യം ഇവിടെത്തെ വിദേശികള്‍ക്ക് അജ്ഞാതമാണെന്നും വലിയ ചെലവ് വഹിച്ചാണ് അവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടു പോവാറുള്ളതെന്നും തമ്പി എടക്കര പറഞ്ഞു.

No comments:

Post a Comment