Tuesday, December 24, 2013

Remembers !!

ഉപ്പ, എന്നെ ഒന്ന് എടുക്കുമോ?"വീട്ടിലേക്കുള്ള വഴിയി വെച്ച് മകൾ ഉപ്പയോട്‌ ചോദിച്ചു അയാള് മകളെ നോക്കി കണ്ണീരടക്കി "ഇനി ഉപ്പ വരുമ്പോഴെക്കു ഞാൻ വലിയ കുട്ടിയാവില്ലേ ..അപ്പോ ഉപ്പാക്ക് എന്നെ എടുക്കാൻ പറ്റില്ലല്ലോ...."ശരിയാണ്.കഴിഞ്ഞ തവണ പോകുമ്പോൾ അവൾക്കു രണ്ടു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ ഒഴിവുകാലം അവളുടെ ഓർമ്മയിൽ ഉണ്ടാവാൻ ഇടയില്ല. ഇനി മൂന്നോ നാലോ വര്ഷം കഴിഞ്ഞു വരുമ്പോഴേക്കും അവൾ വലിയ കുട്ടിയായിരിക്ക...ും...ശരിയാണ്......മൂന്നു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ഉപ്പ വന്നത് ബാല്യത്തിന്റെ ഏകാന്തവീഥികളിൽ വീണ്ടും വർണ്ണപ്പൂക്കൾ പൂത്ത് വിടരുകയായിരുന്നു. ഉപ്പയോടൊപ്പം ഉറങ്ങുകയും ഉണരുകയും ഉപ്പയുടെ വിരലിൽ തൂങ്ങി നടന്നു കാഴ്ചകൾ കാണുകയും ചെയ്ത നാളുകൾ അവസാനിക്കാൻ പോകുന്നു.ആരും പറഞ്ഞില്ലെങ്കിലും തിരിച്ചുപോക്കിന്റെ ഒരുക്കങ്ങൾ അവൾ കാണുന്നുണ്ടായിരുന്നു.ഉമ്മയുടെ മുഖത്ത് പെയ്യാനൊരുങ്ങി നിന്ന മാനത്തിന്റെ കറുപ്പ് അവളുടെ മനസ്സിലും നിറയുന്നുണ്ടായിരുന്നു.വന്നപ്പോൾ കൊണ്ട് വന്നതിനേക്കാൾ ഏറെ കളിപ്പാട്ടങ്ങളും ഉടുപ്പുകളുമൊക്കെ പോകുമ്പോഴും ഉപ്പ വാങ്ങി തരുമല്ലോ എന്ന ആഹ്ലാദമായിരുന്നു അവൾക്ക്. യാത്രയാകുന്നതിന്റെ തലേ ദിവസം ഉപ്പ അവളെയും കൂട്ടി ടൌണിലേക്ക് പോയി അവൾക്ക് ആവശ്യമുള്ളതൊക്കെ വാങ്ങിക്കൊടുക്കുകയും ചെയ്തു. ഉപ്പ പോയാലും കുഴപ്പമില്ലെന്നു അവൾക്ക് തോന്നി. അതിനു മാത്രം മിട്ടായിയും കളിപ്പാട്ടങ്ങളും ഉടുപ്പുകളും ഉണ്ടായിരുന്നു.ഉപ്പ ഇനി വരുന്ന വരെ തിന്നാലും തീരാത്ത അത്ര ഉണ്ടെന്നു അവൾക്ക് തോന്നി. എത്ര വായിച്ചാലും തീരാത്ത വർണ്ണ ചിത്രങ്ങളുള്ള കഥാപുസ്തകങ്ങൾ....എത്ര അണിഞ്ഞാലും നിറം മങ്ങാത്ത കുഞ്ഞുടുപ്പുകൾ.....ഉപ്പ യാത്ര പോകുന്ന ദിവസം അവൾ മനപ്പൂർവ്വം കൂട്ടുകാരികളോടൊപ്പം കളിച്ചും ചിരിച്ചും സമയം പോക്കി. ഉപ്പയെയോ ഉമ്മയെയൊ അവൾ ശ്രദ്ധിച്ചതേയില്ല.കലങ്ങി ചുവന്ന കണ്ണുകളുമായി പടിയിറങ്ങിപ്പോകുമ്പോൾ ഉപ്പ അവളുടെ തലയിൽ ഒന്ന് തലോടുക മാത്രം ചെയ്തു .കാറിലിരുന്നു വിങ്ങിപ്പൊട്ടുന്ന ഉപ്പയെ ഒന്ന് നോക്കിയ ശേഷം അവൾ തന്റെ മുറിയിലേക്ക് ചെന്ന് കളിപ്പാട്ടങ്ങളും ചോക്ലേറ്റ് പെട്ടികളും കഥാപുസ്തകങ്ങളും വർണ്ണപ്പേനകളും നിരത്തിവെച്ചു. പൊടുന്നനെ അവളുടെ സന്തോഷം അലിഞ്ഞു തീർന്നുപോയി.വര്ധിച്ച സങ്കടത്തോടെ അവൾ വീടിന്റെ മൌനത്തിൽ ആരെയോ തേടി അങ്ങുമിങ്ങും നടന്നു .ഒടുവിൽ ഉമ്മറപ്പടിയിൽ ചെന്നിരുന്നു ഉപ്പ പോയ വഴിയിലേക്ക് നോക്കിയിരിക്കെ അവളുടെ കണ്ണുകൾ വെറുതെ ഈറനായി .....എനിക്ക് വേണ്ടിയിരുന്നത് കളിപ്പാട്ടങ്ങളായിരുന്നില്ലല്ലോ......എനിക്ക് വേണ്ടിയിരുന്നത് മിട്ടായിപ്പൊതികളായിരുന്നില്ലല്ലോ......വർണ്ണപ്പേനകളും,പുത്തനുടുപ്പുകളും ഇനി എനിക്ക് വേണ്ടല്ലോ .......എനിക്ക് വേണ്ടിയിരുന്നത്......അടക്കാനാവാത്ത സങ്കടവുമായി ഒടുവിൽ അവൾ ഉമ്മയുടെ കണ്ണീരിലേക്ക് തിരിച്ചു ചെന്നു.


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

No comments:

Post a Comment