കന്നി മൂലയ്ക്ക് (തെക്കുപടിഞ്ഞാറ്) കുറ്റിയടിച്ച് തേങ്ങയുടച്ച് വെറ്റിലവച്ച് പുണ്യകര്മം ചെയ്തിട്ടേ പഴയ ആശാരിമാര് വീടിന് സ്ഥാനമുറപ്പിക്കൂ. മുസ്ലിംകളുടെ വീടിനും. നിര്മാണം കഴിഞ്ഞാല് കുറ്റിപ്പൂജ (കുറ്റൂസ എന്ന് പാഠഭേദം) നടത്തിയേ ഗൃഹപ്രവേശം നടത്തൂ. കെട്ടിടനിര്മാണം പൂര്ത്തിയായാല് വാസ്തുദേവനെ ഉദ്ദേശിച്ച് തച്ചന്മാര് നടത്തുന്ന പൂജ എന്നാണ് `കുറ്റിപൂജ' യുടെ അര്ഥമെന്ന് ശ്രീകണ്ഠേശ്വരം (ശബ്ദതാരാവലി) സാക്ഷ്യപ്പെടുത്തുന്നു. എത്രയോ സുഹൃത്തുക്കള് തങ്ങളുടെ ഗൃഹപ്രവേശം നിശ്ചയിച്ചപ്പോള് സ്വകാര്യമായി, നല്ല ഉദ്ദേശ്യത്തോടെ, ചോദിക്കുന്നു; എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? സുബ്ഹിക്ക് പോകണമെന്നുണ്ടോ? ആദ്യം പാല് കാച്ചണമെന്നുണ്ടോ?
അന്ധമായ വിശ്വാസങ്ങളും അബദ്ധ ധാരണകളുമാണിതെല്ലാം. സമൂഹസ്വാധീനത്തിന്റെ സമ്മര്ദമാണ് ഈ സംശയങ്ങള്. ഇസ്ലാമിക ദൃഷ്ട്യാ നല്ല സമയമെന്നോ ചീത്ത സമയമെന്നോ ഉള്ള സങ്കല്പമില്ല. ശകുനവും ദുശ്ശകുനവും ഇല്ല. നമുക്ക് സൗകര്യപ്പെടുന്ന ദിവസം, സൗകര്യപ്പെടുന്ന സമയത്ത്, ബിസ്മി ചൊല്ലി പുതിയ വീട്ടില് താമസം തുടങ്ങുക. വീട്ടിലേക്ക് കടന്നുചെല്ലുമ്പോള്, എല്ലാ ദിവസവും പ്രാര്ഥിക്കാന് നബി(സ) പഠിപ്പിച്ച ദുആ ചൊല്ലുക. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് സദ്യയുണ്ടാക്കി സന്തോഷത്തില് പങ്കാളികളാക്കാം. കെട്ടിക്കുടുക്കുകളോ സങ്കീര്ണതകളോ ഇല്ലാത്ത ഇസ്ലാമിന്റെ സുതാര്യ സമീപനത്തെ ഇറക്കുമതി ചെയ്ത അന്ധവിശ്വാസങ്ങളില് കെട്ടി ദുര്ഗ്രഹവും ദുസ്സഹവും ആക്കാതിരിക്കുക.

