കഅ്ബാ ശരീഫ് പ്രധാനമായി പത്തുതവണ പൊളിച്ചുപണിതിട്ടുണ്ട്.
1. മലക്കുകള്‍ നിര്‍മിച്ചു.
2. ആദം (അ) നിര്‍മിച്ചു.
3. ശീസ് (അ) പുതുക്കി നിര്‍മിച്ചു.
4. ഇബ്റാഹീം (അ) പുതുക്കി നിര്‍മിച്ചു.
5. അമാലിഖ ഗോത്രക്കാര്‍ പുതുക്കി നിര്‍മിച്ചു.
6. ജുര്‍ഹൂം ഗോത്രക്കാര്‍ പുതുക്കി നിര്‍മിച്ചു.
7. ഖുസയ്യ് ഗോത്രക്കാര്‍ പുതുക്കി നിര്‍മിച്ചു.
8. ഖുറൈശികള്‍ പുതുക്കി നിര്‍മിച്ചു.
9. അബ്ദുല്ലാഹിബ്നു സുബൈര്‍ പുതുക്കി നിര്‍മിച്ചു.
10. ഹജ്ജാജുബ്നു യൂസുഫ് പുതുക്കി നിര്‍മിച്ചു.
ഇതിനുശേഷം വിവിധ രാജാധികാരികളും ഭരണകര്‍ത്താക്കളും കഅ്ബയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കാലാകാലങ്ങളില്‍ നടത്തുകയുണ്ടായി.
ആദം നബി (അ) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം കഅ്ബാലയത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ശേഷം അല്ലാഹുവിനോട് ചോദിച്ചു. 'അല്ലാഹുവെ, എല്ലാ ജോലിക്കാര്‍ക്കും പ്രതിഫളമുണ്ടല്ലോ? അല്ലാഹു അറിയിച്ചു: 'ആദമേ നിങ്ങള്‍ക്കു ഞാന്‍ പാപമോചനം നല്‍കുന്നു. നിങ്ങളുടെ സന്തതിപരമ്പരയില്‍ ആര്‍ ഇവിടെ വന്ന് ദോഷത്തില്‍ നിന്ന് ഖേദിച്ചു മടങ്ങുന്നുവോ അവര്‍ക്ക് ഞാന്‍ പൊറുത്തുകൊടുക്കുന്നതാണ്. (താരീഖുമക്ക)
നൂഹ് (അ) ന്റെ കാലത്തെ വെള്ളപ്പൊക്കത്തില്‍ നശിച്ച കഅ്ബാലയത്തിന്റെ പുനര്‍നിര്‍മാണം നിര്‍വഹിച്ചത് ഇബ്റാഹീം നബി (അ)യും മകന്‍ ഇസ്മാഈല്‍ നബി (അ)യും ആണ്. നബി (സ) കാലത്ത് ഖുറൈശികള്‍ കഅ്ബ പണിതപ്പോള്‍ അനുവദനീയമായ (ഹലാലായ) പണം തികയാത്തതു കാരണം വടക്കുവശത്തു ആറു മുഴം വിട്ടുകളഞ്ഞു. ഈ പുതുക്കല്‍ നടക്കുമ്പോള്‍ നബി (സ)ക്ക് 35 വയസ്സായിരുന്നു. ഖുറൈശികള്‍ വിട്ടുകളഞ്ഞ ഈ ഭാഗമാണ് ഹിജ്ര്‍ ഇസ്മാഈല്‍. ഇത് കഅ്ബയില്‍പെട്ട ഭാഗമാണ്. കഅ്ബയുടെ മേല്‍പുരയില്‍ നിന്ന് വെള്ളം വീഴാനുള്ള പാത്തി (മീസാബ്) സ്ഥിതിചെയ്യുന്നത് ഹിജ്ര്‍ ഇസ്മാഈലില്‍ വെള്ളം വീഴ്തക്കവിധമാണ്.
ഹിജ്റ 64 ല്‍ അബ്ദുല്ലാഹിബ്നു സുബൈര്‍ കഅ്ബ പുതുക്കിപണിതപ്പോള്‍ ഈ ആറു മുഴം സ്ഥലം കഅ്ബയില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഇത് കഅ്ബയില്‍പെട്ടതാണെന്ന് ആഇശ (റ)യില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം ചെയ്തത്.
ഉമവീ ഭരണാധികാരി അബ്ദുല്‍ മാലിക്ബ്നു മര്‍വാന്റെ കാലത്ത് ഹജ്ജാജ് ബ്നു യൂസുഫ് (ഹിജ്റ 74 ല്‍) അധികാരം പിടിച്ചടക്കി. അബ്ദുല്ലാഹിബ്നു സുബൈറിനെ വധിച്ചു. നേരത്തെ കഅ്ബയോട് ചേര്‍ത്തുനിര്‍മിക്കപ്പെട്ട ഈ ആറു മുഴം അബ്ദുല്‍ മാലികിന്റെ നിര്‍ദേശമനുസരിച്ച് ഹജ്ജാജ് പുറത്താക്കി മാറ്റുകയും കഅ്ബ പുതുക്കിപണിയുകയും ചെയ്തു.
ഈ ഭാഗം കഅ്ബയില്‍പെട്ടതാണെന്ന് സൂചിപ്പിക്കുന്ന ആഇശ (റ)യുടെ ഹദീസ് കേട്ട അബ്ദുല്‍ മാലിക് ഖേദിച്ചെങ്കിലും വീണ്ടും പുതുക്കിപ്പണിയാന്‍ അദ്ദേഹം മുതിര്‍ന്നില്ല.
മന്‍സൂര്‍ രാജാവ് അധികാരത്തില്‍ വന്നപ്പോള്‍ ഹിജ്റ് ഇസ്മാഈല്‍ കഅ്ബയോടു ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇമാം മാലിക് (റ) ആ ഉദ്യമം തടഞ്ഞു. 'ഓരോ ഭരണാധികാരിയും തോന്നും വിധം കഅ്ബയില്‍ മാറ്റം വരുത്തിയാല്‍ കഅ്ബയെ കുറിച്ച് ജനങ്ങളുടെ ഭയവും അതിനവര്‍ നല്‍കുന്ന ആദരവും നഷ്ടമാകും. കഅ്ബാലയത്തെ രാജാക്കാന്‍മാരുടെ കളിക്കളമാക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.
ഇന്നും ഹിജ്ര്‍ ഇസ്മാഈല്‍ കഅ്ബക്കു പുറത്തുതന്നെയാണ് ഇതിനകത്ത് നിസ്കരിക്കുന്നത് കഅ്ബയില്‍ നിസ്കരിക്കുന്നതിന് തുല്യമാണ്.
ഇബ്റാഹീം നബി (അ) നിര്‍മിച്ച കഅ്ബക്ക് തെക്ക് വടക്ക് 32 മുഴം നീളവും കിഴക്ക് പടിഞ്ഞാറ് 22 മുഴവും വീതിയും 9 മുഴം ഉയരവും ഉണ്ടായിരുന്നു. ഖുറൈശീ വംശജനായ ഖുസയ്യ് ആണ് മരവും ഈത്തപ്പനപ്പട്ടയും ഉപയോഗിച്ച് കഅ്ബക്ക് ആദ്യമായി മേല്‍കൂരനിര്‍മിച്ചത്.
ഹജ്ജും ഇബ്റാഹീം നബിയും
ഇബ്റാഹീം നബി (അ) കഅ്ബയുടെ പുനര്‍ നിര്‍മ്മിതി പൂര്‍ത്തീകരിച്ചതിനു ശേഷം മകനെയും കൂടി അല്ലാഹുവിനോട് തേടി. അല്ലാഹുവേ, ഈ സല്‍കര്‍മ്മം ഞങ്ങളില്‍ നിന്ന് സ്വീകരിക്കേണമേ. (വി.ഖു: 2:127)
അല്ലാഹു ഇബ്റാഹീം നബി (അ)യോട് കല്‍പിച്ചു. ജനങ്ങളെ ഹജ്ജിനു വേണ്ടി വിളിക്കുക. (വി.ഖു: 22: 27)
ഇബ്റാഹീം നബി (അ) ചോദിച്ചു: ഞാന്‍ വിളിച്ചാല്‍ കേള്‍ക്കുമോ? അല്ലാഹു അരുള്‍ ചെയ്തു. താങ്കള്‍ വിളിക്കുക. കേള്‍പിക്കുന്നവന്‍ ഞാനാണ്. ഇബ്റാഹീം നബി (അ) വിളിച്ചു. ആ വിളി അന്ന് ജീവിച്ചിരിക്കുന്നവരും ആത്മീയ ലോകത്തുള്ളവരും കേട്ടു. അന്ന് ആ വിളിക്ക് ഉത്തരം ചെയ്തവര്‍ ഹജ്ജിനായി അവിടെ എത്തും. അവരുടെ മുദ്രാവാക്യം ഈ വിളിയുടെ ഉത്തരവും അല്ലാഹുവിന്റെ ഏകത്വത്തിലും മഹത്വത്തിലുള്ള അടിയുറച്ച വിശ്വാസ പ്രഖ്യാപനമാണ്.
മുദ്രാവാക്യം താഴെ ചേര്‍ക്കുന്നു.
لبيك الله لبيك لبيك لا شريك لك لبيك
ان الحمد والنعمة لك والملك
لا شريك لك لبيك
അല്ലാഹുവെ, നിന്റെ വിളി ഞാന്‍ സ്വീകരിച്ച് ഉത്തരം ചെയ്യുന്നു. നിനക്ക് പങ്കാളിയില്ല. നിന്റെ വിളി ഞാന്‍ അംഗീകരിക്കുന്നു. സര്‍വസ്തുതിയും അനുഗ്രഹവും സര്‍വാധിപത്യം നിനക്ക് തന്നെ. നിനക്ക് കൂട്ടുകാരില്ല.
ഈ ഉത്തരം ചെയ്തവര്‍ ഭാഗ്യവാന്‍മാരത്ര. ഇവര്‍ക്ക് കഅ്ബാലയത്തില്‍ എത്താന്‍ അല്ലാഹു തൌഫീഖ് നല്‍കുന്നതാണ്.
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment