നമസ്‌കരിക്കുന്നവനു പ്രയാസം വരുന്ന രീതിയില്‍ തൊട്ടടുത്തൊരാള്‍ ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുപോലും വിലക്കിയ പ്രവാചക തിരുമേനിയെ പ്രത്യക്ഷരം പിന്തുടരുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍. പള്ളിയില്‍ നിന്നുള്ള ഉച്ചഭാഷിണി ഉപയോഗത്തിന്റെ കാര്യത്തിലും സമുദായം ഈ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. മസ്ജിദുകളിലെ ലൗഡ് സ്പീക്കര്‍ ബാങ്ക് വിളിക്കും അടിയന്തര പ്രാധാന്യമുള്ള അറിയിപ്പുകള്‍ക്കും മാത്രമല്ലാതെ ഉച്ചത്തില്‍ പുറത്തേക്കു വിടുന്നത് നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.
ഇത്രയും വിശാലതയും സൂക്ഷ്മതയുമുള്ള ഒരു മതത്തിന്റെ അനുയായികളില്‍ നിന്ന് മറ്റൊരാള്‍ക്ക് അരോചകമോ പ്രയാസകരമോ ആയ ദുരനുഭവങ്ങളുണ്ടാവാന്‍ പാടില്ല. അത് അനുഷ്ഠാനത്തിന്റെയും ആചാരത്തിന്റെയും പേരിലാണെങ്കില്‍ പോലും ഒരു നടപടിയും അപരനു ഉപദ്രവമായിത്തീരരുത്.
മസ്ജിദിനുള്ളില്‍ നടക്കുന്ന അനുഷ്ഠാനകര്‍മ്മങ്ങളിലും അനുബന്ധ ചടങ്ങുകളിലും മൈക്ക് ഉപയോഗിക്കുന്നത് അവിടെ സന്നിഹിതരായവര്‍ക്കു കേള്‍ക്കാവുന്ന പാകത്തിലായാല്‍ പുറത്തുള്ള പൊതു സമൂഹത്തിന് അത് പ്രയാസകരമോ അരോചകമോ ആയി അനുഭവപ്പെടില്ല.
പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിവിധ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കും പരിസരവാസികള്‍ക്കും പള്ളികളില്‍ നിന്നുള്ള നീണ്ടുനില്‍ക്കുന്ന ഉച്ചഭാഷിണി ഉപയോഗം വിഷമകരമായി ഭവിക്കരുത്. അതിന്റെ പേരില്‍ പരാതികളുയരുന്നതും ഭിന്നതകള്‍ വളരുന്നതും സമൂഹത്തില്‍ സംഘര്‍ഷമുടലെടുക്കുന്നതും ഖേദകരമാണ്. വിശ്വാസികളുടെ പക്ഷത്തുനിന്ന് ഇത്തരം പ്രയാസകരമായ അനുഭവങ്ങളുണ്ടാവാതെ സൂക്ഷിക്കേണ്ടതാണ്.
ശബ്ദഘോഷങ്ങളല്ല; ഉള്ളില്‍ തട്ടുന്ന സൗമ്യമായ ഉദ്‌ബോധനവും അതിലൂടെ രൂപപ്പെടുന്ന ആത്മീയാന്തരീക്ഷവുമാണ് വിശ്വാസത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കുക. നന്മ ഉദ്ദേശിച്ചോ അമിതാവേശത്താലോ നാം ചെയ്യുന്ന പല നല്ല കാര്യങ്ങളും മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുള്ളതാണെന്നു വരികില്‍ അതിന്റെ ഗുണഫലം കുറയുകയാണ്. സൂക്ഷ്മത തന്നെയാണ് വിശ്വാസത്തിന്റെ കാതല്‍.
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
1 comment:
നല്ല കാര്യം തന്നെ. ഇതേ അഭിപ്രായം കാന്തപുരം ഉസ്താദാണു പറഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് വെറുതെ ആലോചിച്ച് പോയി
Post a Comment