> > മഹാപണ്ഡിതന് ഹാതിമുല്‍ അസ്വമ്മിനോട്, ഒരാള്‍
> > അദ്ദേഹത്തിന്റെ നമസ്കാരത്തെക്കുറിച്ചന്വേഷിച്ചു. മനോഹരമായ ആ മറുപടി
> > ഇങ്ങനെയായിരുന്നു: `നമസ്കാരത്തിന് സമയമായാല്‍ പൂര്‍ണമായി വുദുവെടുത്ത്
> > നമസ്കാര സ്ഥലത്ത് ഞാനെത്തും. അവിടെ എത്തിയാല്‍ മനസ്സും അവയവങ്ങളും
> > ശാന്തമാകുന്നതു വരെ അല്പനേരം കാത്തുനില്ക്കും. ശേഷം നമസ്കാരത്തിനായി
> > ഒരുങ്ങും.
> > അന്നേരം, അങ്ങകലെയുള്ള കഅ്ബാ എന്റെ കണ്‍പുരികങ്ങള്‍ക്കിടയില്‍
> > വന്നുനില്ക്കുന്നതു പോലെ എനിക്കു തോന്നും. സ്വര്‍ഗം എന്റെ വലതുഭാഗത്തും നരകം
> > ഇടത്തുമുള്ളതു പോലെ സങ്കല്പിക്കും. നരകത്തിനു മീതെയുള്ള പാലത്തിലാണ് എന്റെ
> > പാദങ്ങള്‍ എന്ന അവസ്ഥയിലായിരിക്കും മനസ്സ്. മരണത്തിന്റെ മാലാഖ എന്റെ
> > പിന്നാമ്പുറത്തുള്ളതുപോലെ മനക്കണ്ണില്‍ ഭയം തിളയ്ക്കും. എന്റെ
> > ജീവിതത്തിലെ അവസാന നമസ്കാരമാണിതെന്ന് എനിക്കു തോന്നും. ഭയവും പ്രതീക്ഷയും
> > നിറയും. എന്റെ നമസ്കാരങ്ങള്‍ അല്ലാഹു സ്വീകരിക്കുമോ എന്ന ആധിയായിരിക്കും
> > പിന്നീട്.'' (ഇഹ്യാ ഉലൂമിദ്ദീന്‍, വാള്യം 1, പേജ് 151)
> > സര്‍വലോക പരിപാലകനായ അല്ലാഹുവോടുള്ള ആത്മഭാഷണമാണ് നമസ്കാരം. ഹൃദയം
> > നൊന്തുപിടയുന്ന പാപിയുടെ പശ്ചാത്താപമാണ് നമസ്കാരത്തിന്റെ ആന്തര ചൈതന്യം.
> > ഉള്ളും പുറവും ഭക്തികൊണ്ട് കഴുകിത്തുടയ്ക്കുന്ന ഏതാനും നിമിഷങ്ങള്‍ ജീവിത
> > മേഖലകളിലേക്കാകെ വെളിച്ചമായി നിറയണം. ഈമാനിന്റെ ഇന്ധനം ശേഖരിച്ച് കൂടുതല്‍
> > തെളിച്ചമുള്ള സത്യവിശ്വാസിയായി സ്വയം പുതുക്കാനുള്ള
> > സന്ദര്‍ഭമായിരിക്കണം നമസ്കാരങ്ങള്‍. അങ്ങനെയല്ലാത്ത നമസ്കാരങ്ങളെക്കുറിച്ച്
> > തിരുനബി(സ) പറഞ്ഞതു കൂടി നാം കേള്‍ക്കണം: ``കറുത്തിരുണ്ട നിലയില്‍
> > ആകാശത്തേക്ക് അത് ഉയര്‍ത്തപ്പെടും. ആകാശ കവാടങ്ങള്‍ അതിനു വേണ്ടി
> > തുറക്കപ്പെടുകയില്ല. പഴന്തുണി ചുരുട്ടിയെറിയുന്നതു പോലെ നമസ്കാരക്കാരന്റെ
> > മുഖത്തേക്ക് ആ നമസ്കാരത്തെ തിരിച്ചെറിയും'' (മജ്മഉസ്സവാഇദ് 2:122)
> > നോക്കൂ, ഇരുപത്തിനാല് മണിക്കൂറാണ് ഒരു ദിവസം. നമസ്കാരങ്ങളുടെ സമയം
> > ഇരുപത്തിനാല് മിനുട്ടില്‍ ഒതുങ്ങും. അല്ലാഹുവിനെ ഓര്‍മിക്കാനും ആ ഓര്മ
> > നിലനിര്‍ത്താനുമാണ് നമസ്കാരങ്ങള്‍. അപ്പോളത് ഇരുപത്തി നാല് മിനുട്ടില്‍
> > ഒതുങ്ങുന്നതാണോ? അല്ല. ദിവസം മുഴുവനും ആ ഓര്മ നമ്മില്‍ തുടരണം. അതിനാവശ്യമായ
> > സംഭരണ കേന്ദ്രമാണ് നമസ്കാരങ്ങള്‍.
> > ``ഞാന്‍ നമസ്കരിക്കുന്നതു കണ്ട പ്രകാരം നിങ്ങളും നമസ്കരിക്കുക'' എന്നാണല്ലോ
> > തിരുനബി(സ)യുടെ കല്പന. എന്താണീ കല്പനയുടെ പൊരുള്‍? തിരുനബി നിര്‍വഹിച്ച അതേ
> > രീതിയില്‍ കൈകെട്ടുകയും പ്രാര്‍ഥനകള്‍ ചൊല്ലുകയും ചെയ്യുക എന്നു മാത്രമാണോ?
> > ആകരുത്. പിന്നെയോ? അവിടുന്ന് നിര്‍വഹിച്ച അതേ തഖ്വയോടെ നമസ്കരിക്കുക
> > എന്നുകൂടി അപ്പറഞ്ഞതിന് അര്‍ഥമില്ലേ?
> > എങ്ങനെയായിരുന്നു തിരുനബി(സ)യുടെ നമസ്കാരങ്ങള്‍? ആഇശ(റ) പറയുന്നു: ``ആ
> > നമസ്കാരങ്ങളുടെ സൗന്ദര്യത്തെപ്പറ്റിയും ദൈര്‍ഘ്യത്തെപ്പറ്റിയും എന്നോട്
> > ചോദിക്കാതിരിക്കുന്നതാണ് നല്ലത്. നമസ്കാര സമയമായാല്‍ സന്തോഷം കൊണ്ട്
> > അവിടുത്തെ മുഖം വിടരും. ബാങ്കുകാരനായ ബിലാലിനോട്, `ബിലാല്‍ ഞങ്ങള്‍ക്ക്
> > ആനന്ദം പകരൂ, ആനന്ദം പകരൂ' എന്ന് പറഞ്ഞുകൊണ്ടിരിക്കും. അടുപ്പത്ത് വെച്ച
> > പാത്രം തിളയ്ക്കുന്നതു പോലെ- തേങ്ങിത്തേങ്ങി കരഞ്ഞുകൊണ്ടായിരുന്നു
> > തിരുനബിയുടെ നമസ്കാരം.''
> > നബി(സ) നമസ്കരിക്കുന്നത് കഅ്ബയില്‍ വെച്ചു കണ്ട നിമിഷം മുതലാണ് തന്റെ
> > മനസ്സിളകിയതെന്ന് ഉമര്‍(റ) പറഞ്ഞിട്ടുണ്ട്. ``ലഹരി ബാധിതരായി
> > നമസ്കരിക്കരുത്'' എന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. കാരണമെന്താ?
> > പറയുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ ലഹരി ബാധിച്ചവര്‍ക്ക് കഴിയില്ല.
> > അങ്ങനെയെങ്കില്‍ പറയുന്നവ ഉള്‍ക്കൊള്ളാതെ ലഹരി ബാധിക്കാത്തവര്‍ നമസ്കരിച്ചാലും
> > അത് നിഷ്ഫലമാകില്ലേ?
> > ``നമസ്കരിക്കുന്നവര്‍ക്ക് നാശം'' എന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.
> > കൃത്യമായി പള്ളിയിലെത്തി നമസ്കരിച്ച് വീട്ടില്‍ തിരിച്ചെത്തിയ
> > ചിലരെക്കുറിച്ചല്ലേ ഇപ്പറഞ്ഞത്? അവര്‍ ചെയ്ത തെറ്റെന്താണ്? സമയം തെറ്റാതെ
> > നമസ്കരിക്കാന്‍ പോവുകയും മടങ്ങുകയും ചെയ്യുകയല്ലാതെ, ചുറ്റുഭാഗത്തേക്ക് അവര്‍
> > തിരിഞ്ഞുനോക്കിയില്ല. നോക്കിയിരുന്നെങ്കില്‍ അനാഥയെ കാണാമായിരുന്നു.
> > സഹായമാവശ്യമുള്ള ദരിദ്രരെ കാണാമായിരുന്നു. ഉപകാരം ചെയ്യാനുള്ള അവസരങ്ങള്‍
> > കാണാമായിരുന്നു.
> > ഇനി നമ്മള് ചിന്തിക്കുക- ആരെക്കുറിച്ചാണ് ഇപ്പറഞ്ഞത്, ഉപയോഗിക്കാതെ
> > ഉപേക്ഷിച്ച മരുന്നുകള്‍ നമ്മുടെ വീട്ടിനകത്ത് എത്രയധികമുണ്ട്!~രസം തികയാതെ
> > വേണ്ടെന്നുവെച്ച വസ്ത്രങ്ങള്‍ എത്രയുണ്ട്! ധൂര്‍ത്തിനും ദുരാഗ്രഹങ്ങള്‍ക്കും
> > ചെലവഴിച്ച പണമെത്ര! -കടം കൊണ്ടും സങ്കടങ്ങള്‍ കൊണ്ടും നെഞ്ചുപൊട്ടുന്നവര്‍
> > നിറഞ്ഞ കണ്ണുകളോടെ അയല്‍പക്കത്തുണ്ടെന്ന് അറിഞ്ഞിട്ടും
> > കണ്ണടച്ച്, കൃത്യമായി നമസ്കരിച്ച് സലാംവീട്ടിയവര്‍ നമ്മള് തന്നെയല്ലേ?
> > തിന്മകളില് നിന്നകലാനും നന്മകളിലേക്ക് അടുക്കാനും പ്രേരിപ്പിക്കുന്നതാകണം
> > നമസ്കാരം. അതാണ് അല്ലാഹു നിര്‍ദേശിച്ച നമസ്കാരം. നമസ്കരിക്കുന്നതിന്റെ
> > മുമ്പ് അതിന്റെ സമയത്തെക്കുറിച്ച ചിന്തയും നമസ്കരിക്കുമ്പോള്‍ അതിലെ
> > ആത്മാര്‍ഥതയെ കുറിച്ച ഭക്തിയും നമസ്കാര ശേഷം ജീവിതത്തിലുണ്ടാകേണ്ട
> > സദ്ഗുണങ്ങളുമാണ് നമ്മില്‍ കാണേണ്ടത്. തിരുനബി(സ) പറഞ്ഞു: ``നിങ്ങള്‍
> > നമസ്കാരത്തിന് ഒരുങ്ങിയാല്‍ നാഥനുമായി ആത്മഭാഷണത്തിനു വേണ്ടിയാണ്
> > യഥാര്‍ഥത്തില്‍ ഒരുങ്ങുന്നത്. അതിനാല്‍ എങ്ങനെയാണ് ആത്മഭാഷണം
> > നടത്തുന്നതെന്ന് ഓരോരുത്തരും ആലോചിക്കട്ടെ.'' (ഇബ്നുഖുസൈമ 1:241)
> > നമുക്ക് പ്രിയപ്പെട്ടവരോട് എത്ര നേരവും നാം സംസാരിച്ചുകൊണ്ടിരിക്കും. പക്ഷേ,
> > നമ്മുടെ നമസ്കാരങ്ങള്‍ വേഗം തീര്‍ന്നുപോകുന്നു!
അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ | ഭാഗം 02
-
*അദ്ധ്യായം** 35 : **സൂറത്തു സബഅ് **سورة سبأ*
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -2 - സൂക്തം 15 മുതൽ 23 വരെ സൂക്തങ്ങളുടെ വിവരണം )
*بس...
5 months ago
No comments:
Post a Comment