കുവൈത്ത് സിറ്റി: ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കുവൈത്തില്‍ നടന്ന നാലാമത് ഇസ്‌ലാമിക് ബാങ്കിംഗ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പലിശ രഹിത ബാങ്കിംഗ് വ്യവസ്ഥ ലോകത്ത് അതിവേഗം പ്രചരിക്കുകയാണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, മലേഷ്യ, ശ്രീലങ്ക, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ മാത്രം ഇനിയും ഒരു ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. റിസര്‍വ്വ് ബാങ്കിന്റെ റഗുലേഷനില്‍ ആവശ്യമായ മാറ്റം വരുത്തി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സഹായകമായേക്കാവുന്ന ഇസ്‌ലാമിക് ബാങ്കിംഗ് സിസ്റ്റം ഇന്ത്യയില്‍ എത്രയും വേഗം നടപ്പിലാക്കേണ്ടതാണ്. ചൂഷണത്തിന്റെ മൂര്‍ത്ത രൂപമായ പലിശയില്ലാത്തതും മനുഷ്യത്വപരമായ സമീപനം വെച്ചുപുലര്‍ത്തുന്നതുമായ ഒരു സാമ്പത്തിക ക്രമത്തോട് പ്രതികൂല സമീപനം ക്രൂരവും അപലപനീയവുമാണ്. അദ്ദേഹം പറഞ്ഞു.ലോകമെമ്പാടും വളര്‍ന്നു വരുന്ന ഇസ്‌ലാമിക് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങള്‍ പഠനങ്ങള്‍ക്ക് വിധേയമാക്കി, ഇസ്‌ലാമിക സാമ്പത്തിക സമ്മേളനം സമാപിച്ചു. ഉദ്ഘാടന സെഷന് പുറമെ നാല് സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അവസാന ദിവസം ബാങ്കുകളുടെ പണ നിക്ഷേപം, ഷെയര്‍, ലോണ്‍ വ്യവസ്ഥകള്‍ എന്നിവ ചര്‍ച്ചക്ക് വിഷയമായി. ശൈഖ് അബ്ദുല്ല ബിന്‍ മനീഅ് (മക്ക), ഡോ. സാമീ സുലൈം (ജിദ്ദ), ഡോ. അബ്ദുറഹിമാന്‍ അല്‍ അത്‌റം (റിയാദ്), ഡോ. നസീഹ് ഹമ്മദ് (കാനഡ), ഡോ. ഇസ്‌ലാം അല്‍ അനസി (കുവൈത്ത്), ഡോ. അലി ഖുറദാഗീ (ഖത്തര്‍) തുടങ്ങിയവര്‍ സംസാരിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള രാഷ്ട്രങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച രീതിയാണ് പലിശ രഹിത ബാങ്കിംഗ് സിദ്ധാന്തമെന്ന് ഈ രീതി എല്ലാ രാഷ്ട്രങ്ങളിലും നടപ്പിലാക്കണമെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
(courtesy:gulfmalayaly.com)
No comments:
Post a Comment