വിളക്ക്
പ്രവാചകൻ്റെ അനുചരന്മാർ മദ്യപാനത്തിൻ്റെ പേരിൽ ഒരാളെ പലവട്ടം തിരു സന്നിധിയിൽ ഹാജരാക്കുകയും ശിക്ഷ വാങ്ങിക്കൊടുക്കു കയും ചെയ്തു. അയാൾ പക്ഷെ മദ്യസേവ തുടർന്നു കൊണ്ടേയിരുന്നു.
അതിൽ വിഷണ്ണരായ അനുയായികൾ ഒരിക്കൽ പ്രവാചകൻ്റെ സന്നിധിയിൽ വെച്ച് മദ്യപാനിക്കെതിരെ ശാപവാക്കുകൾ ചൊരിഞ്ഞു.
അപ്പോൾ നബി(സ) പറഞ്ഞു: "അയാളെ ശപിക്കരുത്, അയാൾ അല്ലാഹുവിനെയും അവൻ്റെ പ്രവാചകനെയും സ്നേഹിക്കുന്ന വനാണ് "
സമാനമായ മറ്റു ചില സംഭവങ്ങൾക്കൂടി ഉദ്ധരിച്ച ശേഷം ഡോ: ശൈഖ് യൂസുഫുൽ ഖറദാവി "മതതീവ്രവാദം" എന്ന ഗ്രന്ഥത്തിൽ പറയുന്നത് നാം എല്ലാ വിധ കുറ്റകൃത്യങ്ങളെയും വെറുക്കുന്നതോടൊപ്പം തന്നെ കുറ്റവാളികളോട് അങ്ങേയറ്റം അലിവ് പുലർത്തണം എന്നാണ്.
സാഹചര്യങ്ങളും ഇച്ഛാശക്തിയുടെ ബലഹീനതയുമാണ് പലരെയും പാപിക ളാക്കുന്നത്. പലപ്പോഴും അയാളുടെ / അവളുടെ പുറംതൊലിയിൽ മാത്രമാവും പാപക്കറകൾ വീണിട്ടുണ്ടാവുക. അകത്ത് നന്മയുടെ ഒട്ടേറെ മണിമുത്തുകൾ മറഞ്ഞു കിടപ്പുണ്ടാവാം.
അതു കൊണ്ടു തന്നെ ആളുടെ നെഗറ്റീവുകൾ മാത്രം കണ്ട് അവരെ അകറ്റുകയല്ല വേണ്ടത്. മറിച്ച് പോസിറ്റീവായി വിലയിരുത്തി അവരെ കൂടുതൽ ചേർത്തു പിടിക്കുകയാണ് ചെയ്യേണ്ടത്.
"തിന്മയെ ഉത്കൃഷ്ടമായ നന്മ കൊണ്ട് നേരിടണം" എന്നാഹ്വാനം ചെയ്തുകൊണ്ട് വിശുദ്ധ ഖുർആനും (ഫുസ്സിലത്ത്: 34 ) ഈ ആശയത്തെ ബലപ്പെടുത്തുന്നുണ്ട്. "മഹാഭാഗ്യവാന്മാർക്കല്ലാതെ ഇത് സാധ്യമല്ല" എന്നും അല്ലാഹു ചേർത്ത് പറഞ്ഞിരിക്കുന്നു!