അസ്സലാമു അലൈകും
രംഗം 01 : ഉപമ.
അണികള്‍ കെണിയില്‍ പെടരുതെന്ന നിര്‍ബന്ധബുദ്ധി ആര്‍മാര്‍ത്ഥമായും മത്സ്യകാരണവര്‍ക്കുണ്ടായിരുന്നു. ചെറു മത്സ്യങ്ങളോടുള്ള തന്‍റെ ഉപദേശം പക്വമായ വരികളില്‍ അദ്ദേഹം തുടര്‍ന്നു. “...നിങ്ങള്‍ അനുഭവം കുറഞ്ഞവരാണു. എങ്കിലും ഇന്നത്തെ കാലത്ത് ഒഴുക്കിനൊത്തു നീന്തുന്നവരാണു നിങ്ങളില്‍ പലരും. നാം അറിയാത്ത പല കെണി വലകളും നമുക്ക് ചുറ്റുമുണ്ട്. ഒരു പത്ത് മിനുറ്റ് വെറുതെയൊന്നു നാം കറങ്ങിയാല്‍ നമുക്ക് വ്യത്യസ്തങ്ങളായ ഇരകളെ കാണാം. നിലന്തിരകളായും, തവളകളായും, ചെറു മത്സ്യങ്ങളായും നാം തിന്നാന്‍ കൊതിക്കുന്ന, വായില്‍ വെള്ളമൂറ്റുന്ന പലതരം ഇരകള്‍. അവയെ ഒറ്റയടിക്കകത്താക്കാന്‍ നമുക്ക് ആക്രാന്തമുണ്ടാകും. പക്ഷെ സൂക്ഷീക്കണം. അത്തരം ഇരകളില്‍ പലതിലും നാമറിയാത്ത ഒരു ചൂണ്ടക്കൊക്കയുണ്ട്. ആ കൊക്ക നാം പുറത്ത് കാണുകയില്ല. നമ്മെ രസിപ്പിക്കുന്ന ഇരകളെ മാത്രമെ നാം കാണുന്നുള്ളൂ. അകത്തെ കൊക്ക ഒരു നൂലില്‍ ബന്ധിച്ച് ആ നൂലിന്‍റെ ഒരറ്റം ശക്തമായി പിടി മുറുക്കി ഒരു മനുഷ്യന്‍ വെള്ളത്തിന്‍റെ മുകളില്‍ നില്പുറപ്പിച്ചിട്ടുണ്ട്. നാം ഇരയെ കൊത്തുന്നതിനനുസരിച്ച് അയാള്‍ ആ നൂല്‍ അയിച്ച് വിടും. ഇര തിന്നുന്ന വ്യഗ്രതയില്‍ കൊക്ക നമ്മുടെ തൊണ്ടയില്‍ കുരുങ്ങും. തക്ക സമയത്ത് ആ മനുഷ്യന്‍ ഒരൊറ്റ വലിയാണു. വെള്ളത്തിനടിയില്‍ സ്വൈരവിഹാരം നടത്തിയിരുന്ന നാം പെട്ടെന്ന് മുകളിലെ കരയിലെത്തുന്നു. ശ്വാസത്തിനു വേണ്ടി നാം പിടയുന്നത് ആ മനുഷ്യന് ഒരു ഹരമാണു. അയാള്‍ നമ്മെയും തൂക്കി അയാളുടെ വീട്ടിലെത്തും. മന:സാക്ഷി മരവിച്ച ആ മനുഷ്യന്‍ നമ്മെ കഷ്ണം കഷ്ണമാക്കി മുളക് പുരട്ടും. പിന്നീട് അയാള്‍ ചുട്ടുപൊള്ളുന്ന എണ്ണയില്‍ നമ്മെ വറുത്തെടുക്കും. എന്നിട്ടും കലി തീരാതെ അയാള്‍ നമ്മെ കടിച്ചു തിന്നും...” ഒരല്പം ഇടറിയ സ്വരത്തിലാണു മത്സ്യകാരണവര്‍ പറഞ്ഞ് നിര്‍ത്തിയത്. സത്യത്തില്‍ അനുഭവത്തില്‍ നിന്നല്ല അമ്മാവന്‍ ഇത്രയും സംസാരിച്ചത്. തനിക്ക് ലഭ്യമായ രേഖകളും സാഹചര്യ തെളിവുകളും വെച്ചായിരുന്നു അമ്മാവന്‍റെ ഈ വിസ്താരം.
പക്ഷെ, കേള്‍ക്കുന്ന മത്സ്യങ്ങളില്‍ പലര്‍ക്കും ഇത് അമ്മാവന്‍റെ കത്തിയായേ തോന്നിയുള്ളൂ. അവരെല്ലാവരും പലവഴിക്കായി നീങ്ങി. അമ്മാവന്‍ പറഞ്ഞത് പോലെ പലരൂപത്തിലുള്ള ഇരകള്‍!!!. വളരെ കുറച്ച്പേര്‍ മാത്രമേ അമ്മാവനെ അനുസരിച്ചുള്ളൂ. കൂടുതല്‍ പേരും അമ്മാവന്‍റെ കത്തിയെ അവഗണിച്ച് ഇരകളില്‍ കൊത്തി. പലരും കരയിലേക്ക് എടുത്തെറിയപ്പെട്ടു. അവര്‍ അമ്മാവനെ വിളിച്ച് പൊട്ടിക്കരഞ്ഞു. രക്ഷയില്ല, രക്ഷിക്കാനാരുമില്ല. കരയില്‍ ശ്വാസം മുട്ടി പിടയുംബോഴും അമ്മാവന്‍ പറഞ്ഞത് പോലെ ചൂണ്ട പിടിച്ച് ആ മനുഷ്യന്‍ പൊട്ടിച്ചിരിക്കുകയാണു...!!!!
രംഗം 02 : ഉപമേയം.
സാധാരണക്കാര്‍ കെണിവലകളില്‍ പെട്ട്പോകരുതെന്ന് ഉസ്താദിനു നിരബന്ധമുണ്ടായിരുന്നു. ഉസ്താദ് വ അള് തുടര്‍ന്നു. “...മരണം അതൊരനിവാര്യതയാണു. ദുനിയാവ് വെറും അലങ്കാരം മാത്രമാണു. വെറുമൊരു 10 മിനുറ്റ് നാമൊന്ന് കറങ്ങി നോക്കൂ. നാം പല പച്ചപ്പുകളും കാണും. മദ്യം, പെണ്ണ്, മ്യൂസിക്, ചൂതാട്ടങ്ങള്‍... ഇങ്ങനെ നമ്മെ രസിപ്പിക്കുന്ന പലതും. അതില്‍ നാം വീണുപോകരുത്. അവ വെറും കെണിവലകളാണു. ആ വലകളില്‍ ഭദ്രമായി പിടിമുറുക്കി ഒരാള്‍ നാം കാണാതെ നിലയുറപ്പിച്ചിട്ടുണ്ട്. പിശാചാണവന്‍, ഇബ് ലീസാണവന്‍. അവനു നാം പിടികൊടുക്കരുത്. ഒരു നാള്‍ നാം മരിക്കും. നാം ഖബ് റിലെത്തും. അവിടെ മലകുകളുണ്ടാകും. ചോദ്യങ്ങളുണ്ടാകും. ശിക്ഷകളുണ്ടാകും. പിന്നീട് നമ്മെ മഹ്ശറയില്‍ ഒരുമിച്ച് കൂട്ടപ്പെടും. നാം ചെയത മുഴുവന്‍ കാര്യങ്ങളും ചോദ്യം ചെയ്യപ്പെടും, ഹിസാബ്. അവിടെ ചിലക്കു സ്വര്‍ഗമുണ്ട്. അത് മനോഹരമാണു. മറ്റ് ചിലക്കു നരകമായിരിക്കും. അതിലെ ചൂട് അതി കഠിനമാണു, അസഹ്യമാണു...” ഇടറിയ സ്വരത്തില്‍ ഉസ്താദ് പറഞ്ഞു നിര്‍ത്തി. സത്യത്തില്‍ അനുഭവത്തിന്‍റെ വെളിച്ചത്തിലല്ല ഉസ്താദ് ഇത്രയും പറഞ്ഞത്. ഖുര്‍ ആനിന്‍റെയും ഹദീസിന്‍റെയും അടിസ്ഥാനത്തിലായിരുന്നു.
പക്ഷെ, അത് കേള്‍ക്കുന്ന പല ആളുകളും ഉള്ളില്‍ ചിരിച്ചു. ഇത്, ഉസ്താദിന്‍റെ സ്ഥിരം പല്ലവിയാണു. അയാല്‍ നൂറ് രൂപക്ക് വേണ്ടി സംസാരിക്കുകയാണു. അവര്‍ പലവഴിക്ക് നീങ്ങി. ഉസ്താദ് പറഞ്ഞത് പോലെ പല പച്ചപ്പുകള്‍. മദ്യം, മദിരാശി, പെണ്ണ്... വളരെ ചുരുങ്ങിയ ആളുകളെ ഉസ്താദിനെ അനുസരിച്ചുള്ളൂ. കൂടുതല്‍ പേരും ഉസ്താദിനെ അവഗണിച്ച് മദ്യപിച്ചു. ജീവിതം ആസ്വദിച്ചു. അവസാനം... അവര്‍ക്കും നിശ്ചയിക്കപ്പെട്ട അവധിയെത്തി. ആയുസ്സിന്‍റെ അവധി. അവരും മരണത്തിനു കീഴടങ്ങി...
അലങ്കാരം : ഉപമ.
“ഒന്നിനൊന്നോട് സാദ്ര്ശ്യം
ചൊന്നാലുപമയാമത്
മന്നവേന്ദ്രാ വിളങ്ങുന്നു
ചന്ദ്രനെപോലെ നിന്‍ മുഖം”
പണ്ട് മലയാള ക്സാസില്‍ 50 പ്രാവശ്യം ‘ഇംബൊസിഷന്‍’ എഴുതിക്കൊണ്ട്പോയതിനാല്‍ നല്ലവണ്ണം ഓര്‍മയുണ്ട്. ഇത്താത്തയെക്കൊണ്ടാണ് എഴുതെച്ചതെങ്കിലും ഇപ്പോള്‍ ഉപകാരപ്പെട്ടു. അതായത്, അമ്മാവന്‍ മത്സ്യത്തിന്‍റെ ഉപദേശം കേള്‍ക്കാതെ ചൂണ്ട കൊത്തിയ സാധാരണ മത്സ്യങ്ങളോട് ഉസ്താദിന്‍റെ ഉപദേശം കേളക്കാതെ പോയ സാധാരണ മനുഷ്യരെ ഉപമിക്കുകയായിരുന്നു. അലങ്കാരത്തിന്‍റെ ഉപമയില്‍ ചിന്തിച്ച് ചിരിക്കുന്നതിനു പകരം അര്‍ത്ഥത്തിന്‍റെ ഉപമയില്‍ ചിന്തിച്ച് നാം ഒന്നുണരണം. അപ്പോള്‍, സാവിത്രി ടീച്ചറുടെ മലയാളം ക്സാസും, കീമാന്‍ സോഫ്റ്റ്വയറിലെ മലയാളം ടൈപിങ്ങും എല്ലാം അര്‍ത്ഥവത്തായി എന്നു പറയാം.
പ്രാര്‍ത്ഥനയോടെ,
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമെന്ന പ്രതീക്ഷയോടെ...
(courtesy: അമീന്‍ മാണിയൂര്‍)
No comments:
Post a Comment