"റസൂല്‍ (സ) പ്രസ്താവിച്ചതായി മുആദുബ്നു ജബല്‍ (റ) നിവേദനം ചെയ്യുന്നു: നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹുവിനോട് തഖ്വയുള്ളവനായിരിക്കുക. തിന്മക്കുപിറകെ നന്മയെ ചേര്‍ക്കുക. ആ നന്മ തിന്മയെ മായ്ച്ചുകളയും. ആളുകളോട് നല്ല സ്വഭാവത്തോടെ പെരുമാറുക.''
===
അല്ലാഹുവിനോട് തഖ്വയുള്ളവനായിരിക്കുക എന്നതാണീ പ്രവാചകവചനത്തിന്റെ പ്രഥമഭാഗം. തഖ്വ, ദീനുല്‍ഇസ്ലാമിലെ സുപ്രധാനമായ ഒരു സാങ്കേതികപദമാണ്. സൂക്ഷിക്കുക, ഭയപ്പെടുക, ജാഗ്രതപാലിക്കുക, ഭക്തി പുലര്‍ത്തുക എന്നൊക്കെയാണീ പദത്തിന്റെ ഭാഷാര്‍ഥം. ഈ ഭാഷാര്‍ഥങ്ങളെയെല്ലാം ഒരേസമയം ഉള്‍ക്കൊള്ളുന്ന ആശയമാണ് തഖ്വയുടെ സാങ്കേതികാര്‍ഥം. 'അല്ലാഹുവിന്റെ വിധികള്‍ പ്രാവര്‍ത്തികമാക്കുകയും വിലക്കുകളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക' എന്നാണ് നിദാനശാസ്ത്രപണ്ഡിതന്മാര്‍ അതിനെ നിര്‍വചിച്ചിട്ടുള്ളത്. സ്വഹാബിവര്യനായ ഇബ്നുമസ്ഊദ് 'തഖ്വല്ലാഹി'യെ നിര്‍വചിച്ചതിങ്ങനെയാണ്: "അവന്‍ അനുസരിക്കപ്പെടുക, ധിക്കരിക്കപ്പെടാതിരിക്കുക, സ്മരിക്കപ്പെടുക, വിസ്മരിക്കപ്പെടാതിരിക്കുക, നന്ദികാണിക്കപ്പെടുക, നന്ദികേട് കാണിക്കപ്പെടാതിരിക്കുക.'' ഭാഷാര്‍ഥത്തില്‍ 'ഇത്തഖില്ലാഹ്' എന്ന വാക്യത്തെ 'അല്ലാഹുവിനെ സൂക്ഷിക്കുക' എന്നും 'അല്ലാഹുവിനെ ഭയപ്പെടുക' എന്നും വിവര്‍ത്തനം ചെയ്യാറുണട്.ഇസ്ലാമികനേതൃത്വം ജനങ്ങള്‍ക്കു നല്‍കേണട ഏറ്റവും പ്രധാനപ്പെട്ട ഉപദേശമാണ് 'ഇത്തഖില്ലാഹ്.' അതുകൊണടാണ് വെള്ളിയാഴ്ച നാളുകളില്‍ ഖത്വീബ് ജുമുഅ ഖുത്വ്ബകളില്‍ 'ഊസ്വീകും വനഫ്സീ ബി തഖ്വല്ലാഹി' (അല്ലാഹുവിനോട് തഖ്വയുള്ളവരായിരിക്കാന്‍ ഞാന്‍ നിങ്ങളെയും എന്നെയും ഉപദേശിക്കുന്നു) എന്ന് നിര്‍ബന്ധമായി പറയുന്നത്. കാരണം, അല്ലാഹുവിനോടുള്ള ഭക്തിയാണ് ഇസ്ലാമിന്റെ കാതല്‍. ദൈവഭക്തിയുള്ളവന്‍ ആളുകളോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നു. അവന്റെ കര്‍മങ്ങള്‍ ഭദ്രമായിത്തീരുന്നു. സ്വഭാവം സുന്ദരമാകുന്നു. പള്ളിയില്‍ പോകുമ്പോഴോ നമസ്കരിക്കുമ്പോഴോ മാത്രം ഉണടായിരിക്കേണട ഗുണമല്ല തഖ്വ. നിങ്ങള്‍ എവിടെയായിരിക്കുമ്പോഴും-തൊഴിലെടുക്കുമ്പോഴും കച്ചവടം ചെയ്യുമ്പോഴും വിനോദങ്ങളിലേര്‍പ്പെടുമ്പോഴും ദുഃഖിക്കുമ്പോഴും സന്തോഷിക്കുമ്പോഴും വീട്ടിലായിരിക്കുമ്പോഴും നാട്ടിലായിരിക്കുമ്പോഴും മറുനാട്ടിലായിരിക്കുമ്പോഴുമെല്ലാം മനസ്സില്‍ ദൈവവിചാരവുമുണടായിരിക്കണം. ആ വിചാരം നിഷ്ക്രിയമായ കേവല സങ്കല്‍പമായിരുന്നാല്‍ പോരാ. നിങ്ങളുടെ സകല പ്രവര്‍ത്തനങ്ങളെയും ഗുണപരമായി സ്വാധീനിക്കുന്ന സക്രിയമായ ശക്തിയാകണമത്. അല്ലാഹുവിന്റെ ആജ്ഞകളെ പ്രാവര്‍ത്തികമാക്കലും അവന്റെ വിലക്കുകളില്‍നിന്ന് അകന്നുനില്‍ക്കലും എന്ന് തഖ്വല്ലാഹി നിര്‍വചിക്കപ്പെട്ടത് അതുകൊണടാണ്.
തെറ്റുകുറ്റങ്ങള്‍ സംഭവിക്കുക മനുഷ്യസഹജമാണ്. മുത്തഖികളായ ആളുകളും അതില്‍നിന്നൊഴിവല്ല. താന്‍ തെറ്റു ചെയ്തുപോയി എന്നു മനസ്സിലായാല്‍ ഉടനെ അതു തിരുത്തുക. പശ്ചാത്തപിക്കുക. തിരുത്താനാവാത്തതാണെങ്കില്‍ പശ്ചാത്തപിക്കുന്നതോടൊപ്പം നന്മകള്‍ ചെയ്യുക. ആ നന്മകള്‍ പാപങ്ങളെ മായ്ച്ചുകളയും. ഖുര്‍ആന്‍ പറഞ്ഞു: "നിശ്ചയം, നന്മകള്‍ തിന്മകളെ പോക്കിക്കളയുന്നു. ഇതത്രെ ഉദ്ബുദ്ധരാകുന്നവര്‍ക്കുള്ള ഉപദേശം'' (ഹൂദ്: 114).
ഹദീസില്‍ പറഞ്ഞ, തിന്മയെ മായ്ച്ചുകളയുന്ന 'ഹസനത്ത്' (നന്മ) കൊണടുള്ള ഉദ്ദേശ്യം തൌബ -പശ്ചാത്താപം- ആണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണട്. ഹസനത്ത്, തൌബ ഉള്‍പ്പെടെയുള്ള സല്‍ക്കര്‍മങ്ങളാണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി. സൂറഃ അല്‍ഫുര്‍ഖാനിലെ 70-ാം സൂക്തം ഈ അഭിപ്രായത്തെയാണ് ബലപ്പെടുത്തുന്നത്: "പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും നല്ലതായ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരൊഴിച്ച്, അത്തരക്കാരുടെ തിന്മകളെ അല്ലാഹു നന്മകള്‍ (ഹസനാത്ത്) ആക്കി മാറ്റുന്നതാകുന്നു.''
"ആളുകളോട് നല്ല സ്വഭാവത്തോടെ പെരുമാറുക'' എന്നതും, തെറ്റു ചെയ്താല്‍ ഉടനെ പശ്ചാത്തപിക്കുകയും സല്‍ക്കര്‍മത്തിലേര്‍പ്പെടുകയും ചെയ്യുക എന്നതുപോലെതന്നെ തഖ്വയുടെ വിശദീകരണവും, മുത്തഖിയുടെ ലക്ഷണവുമാകുന്നു. തഖ്വ എന്നാല്‍ നമസ്കാരാദികര്‍മങ്ങളിലും ദൈവസ്തുതിയിലും ഏര്‍പ്പെടുക മാത്രമല്ല എന്ന് ഉണര്‍ത്തുന്നതിനുവേണടിയാണിത് പ്രത്യേകം എടുത്തുപറഞ്ഞത്. ഒരേസമയം അല്ലാഹുവിനോടുള്ള ധര്‍മവും അല്ലാഹുവിന്റെ ദാസന്മാരോടുള്ള- മനുഷ്യരോടുള്ള- ധര്‍മവും നിറവേറ്റുകയാണ് തഖ്വ. അല്ലാഹുവിന്റെ ദാസന്മാരെ വെറുക്കുന്നത് അല്ലാഹുവിനെ വെറുക്കുന്നതുപോലെയാണ്. അല്ലാഹുവിനെ സ്നേഹിക്കുന്നവര്‍ അവരെയും സ്നേഹിക്കണം. ദൈവദാസന്മാരെ ദ്രോഹിക്കുന്ന ആര്‍ക്കും ദൈവത്തിന്റെ പ്രിയപ്പെട്ടവനാകാന്‍ കഴിയില്ല. ഇമാം അഹ്മദ് ഉദ്ധരിച്ച ഒരു നബിവചനം അതിപ്രകാരം സൂചിപ്പിക്കുന്നുണട്: "സദ്ഗുണങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഇവയത്രെ: നിന്നോട് പിണങ്ങിയവനോട് നീ സമ്പര്‍ക്കം പുലര്‍ത്തുക, നിനക്ക് വിലക്കിയവന് നീ കൊടുക്കുക. നിന്നെ ശകാരിച്ചവനോട് നീ സൌമനസ്യം കാണിക്കുക.''
തിര്‍മിദി ഉദ്ധരിച്ച ഒരു നബിവചനത്തില്‍ ഇങ്ങനെ കാണാം: "ദൈവദാസന്റെ നന്മതിന്മകളുടെ ത്രാസില്‍ സല്‍സ്വഭാവത്തോളം തൂക്കമുള്ള മറ്റൊരു നന്മയും തൂക്കപ്പെടുകയില്ല. സുന്ദരമായ സ്വഭാവത്തിന്റെ ഉടമ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവന്റെ പദവിതന്നെ പ്രാപിക്കുന്നു.'' അബൂദാവൂദ് ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ നബി (സ) വാഗ്ദത്തം ചെയ്യുന്നു: "സ്വന്തം സ്വഭാവചര്യകള്‍ നന്നാക്കിയവര്‍ക്ക് ഞാന്‍ സ്വര്‍ഗത്തില്‍ ഒരു വസതി ഉറപ്പ് നല്‍കുന്നു.''
No comments:
Post a Comment