``ഭാര്യമാരോട് നിങ്ങള്‍ നന്മയോടെ സഹവസിക്കുവീന്‍. അവരെ നിങ്ങള്‍ വെറുക്കുകയാണെങ്കില്‍, ഒരു വസ്‌തുവിനെ നിങ്ങള്‍ വെറുക്കുകയും അതില്‍ അല്ലാഹു ധാരാളം ഗുണങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തേക്കാം'' (അന്നിസാഅ് 19).
``ഒരു സത്യവിശ്വാസിയും ഒരു സത്യവിശ്വാസിനിയേയും വെറുക്കാതിരിക്കട്ടെ. അവളുടെ ഒരു സ്വഭാവം അവന്‍ വെറുത്താല്‍ മറ്റൊരു സ്വഭാവം അവന്‍ തൃപ്‌തിപ്പെടുന്നതായിരിക്കും'' (ഹദീസ് ശരീഫ്)
ഭാര്യമാരോട് സ്‌നേഹത്തിലും നന്മയിലും വര്‍ത്തിക്കുവാനാണ് ഇസ്‌ലാം കല്‍പിക്കുന്നത്. ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ സ്‌നേഹവും ഇണക്കവും നിലനിന്നാല്‍ മാത്രമേ കുടുംബ ജീവിതം സന്തോഷകരവും വിജയപ്രദവുമാവുകയുള്ളൂ. അതിന് വേണ്ടിയാണ് അവര്‍ക്കിടയില്‍ ചില കടമകള്‍ ഇസ്‌ലാം ഏര്‍പ്പെടുത്തിയത്. ദമ്പതികള്‍ പരസ്‌പരമുള്ള കടമകള്‍ പാലിച്ചാല്‍ അവര്‍ക്കിടയില്‍ സ്‌നേഹവും യോജിപ്പും ഉണ്ടാവുകയും അവരുടെ ഫാമിലി ലൈഫ് വിജയകരവും ആശാവഹവുമായിത്തീരുന്നതാണ്. ഭാര്യയുടെ അവകാശങ്ങള്‍ (മഹ്‌റ് മുതലായവ) വകവെച്ച് കൊടുക്കാത്തവന്‍ അവളെ വഞ്ചിച്ചവനും അത്തരത്തില്‍ മരണപ്പെടുന്നവന്‍ വിഭിചാരിയായിട്ടായിരിക്കും അല്ലാഹുവിനെ കണ്ടുമുട്ടുകയെന്നും തിരുവചനങ്ങള്‍ പഠിപ്പിക്കുന്നു.
നബി (സ്വ) പറഞ്ഞു: ``സത്യവിശ്വാസികളില്‍ ഈമാന്‍ ഏറ്റവും പരിപൂര്‍ണ്ണമായവര്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരും നിങ്ങളില്‍ ഏറ്റവും ഉത്തമന്മാര്‍ ഭാര്യമാരോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവരുമാണ്'' (തുര്‍മുദി, ഇബ്‌നുഹിബ്ബാന്‍).
ആദം നബി (അ) ഉറങ്ങിക്കിടന്നപ്പോള്‍ ഇടത് ഭാഗത്ത് നിന്നുള്ള ഒരു വാരിയെല്ല് ഊരിയെടുത്ത് അതില്‍ നിന്നാണ് ഹവ്വ ബീവി (റ) യെ സൃഷ്‌ടിച്ചത്. വാരിയെല്ലിന്റെ വളവ് നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത് പൊട്ടിപ്പോകും. എന്നാല്‍ തീരെ നിവര്‍ത്താന്‍ ശ്രമിക്കാതിരുന്നാല്‍ അതങ്ങനെ തന്നെ വളഞ്ഞിരിക്കുകയും ചെയ്യും. ഇതുപോലെ സ്‌ത്രീകളുടെ അസ്വ്‌ല് (സൃഷ്‌ടിപ്പിന്റെ അടിസ്ഥാനം) വളഞ്ഞ വസ്‌തുവായതിനാല്‍ അവരുടെ സ്വഭാവത്തിലും ഒരു വളവുണ്ടായിരിക്കും. ഇതവര്‍ക്ക് ജന്മസിദ്ധമായുള്ളതാണ്. അതിനാല്‍ ഒറ്റയടിക്ക് അവരുടെ സ്വഭാവം നേരെയാക്കാന്‍ ശ്രമിച്ചാല്‍ അത് പ്രശ്‌നത്തില്‍ കലാശിക്കും. സാവകാശം നന്നാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അത് തന്നെ സ്‌നേഹത്തോടും ഇണക്കത്തോടും കൂടി മാത്രം. എന്നാല്‍ അവളുടെ സ്വഭാവ വക്രത തീരെ ശ്രദ്ധിക്കാതെയും അത് നേരെയാക്കാന്‍ ശ്രമിക്കാതെയും അവളെ അവളുടെ പാട്ടിന് വിട്ടാല്‍ അവളുടെ വളഞ്ഞ സ്വഭാവം മാറ്റമില്ലാതെ തുടരുന്നതാണ്. തിരുനബി (സ്വ) പറഞ്ഞു: ``സ്‌ത്രീകള്‍ക്ക് നിങ്ങള്‍ സദുപദേശം നല്‍കൂ'' (ബുഖാരി, മുസ്‌ലിം).