മക്ക: വിശുദ്ധ കഅ്ബ ത്വവാഫ് ചെയ്യുന്നതിന്റെ എണ്ണം കണക്കാക്കാനും മൊബൈല്‍ ആപ്പ്. വിശുദ്ധ കഅ്ബയെ എഴ് തവണ പ്രദക്ഷിണം വയ്ക്കുന്ന കര്‍മ്മമായ ത്വവാഫിന്റെ എണ്ണം തെറ്റാതിരിക്കാന്‍ ഹറംകാര്യവിഭാഗമാണ് 'ത്വവാഫ്' എന്ന ആപ്ലിക്കേഷന്‍ തയാറാക്കിയത്. ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്ത് എഴ് തവണ പ്രദക്ഷിണം പൂര്‍ത്തിയാകുമ്പോള്‍ ത്വവാഫ് അവസാനിച്ചതായി ആപ് അറിയിക്കും. പ്രദക്ഷിണം വച്ച എണ്ണവും അതിനെടുത്ത സമയവും കൃത്യമായി ആപ്ലിക്കേഷനില്‍ തെളിയും.
വൈഫൈ, ബ്ലുടൂത്ത്, മോഷന്‍ സെന്‍സര്‍ എന്നിവയുടെ സഹായത്തിലാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. ഇതിനായി സൗജന്യ വൈഫൈ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹറം പള്ളിയിലെ ഐ.ടി വിഭാഗവും ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയും ചേര്‍ന്നാണ് അഞ്ച് ഭാഷയില്‍ ഈ ആപ്ലിക്കേഷന്‍ തയാറാക്കിയത്. അറബി, ഇംഗ്ലീഷ്, ഉറുദു, ഫ്രഞ്ച് തുര്‍ക്കിഷ് എന്നീ ഭാഷകളിലാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്.
(courtesy; suprabhatham)