വൈപ്പിൻ ∙ ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹം പരിശുദ്ധ ഹജ് കർമത്തിന്റെ സ്മരണകളിൽ മുഴുകുമ്പോൾ ഹജിനെ ആസ്പദമാക്കിയുള്ള സ്റ്റാംപുകളുടെ ശേഖരം ശ്രദ്ധേയമാവുന്നു. എടവനക്കാട് സെയ്തുമുഹമ്മദ് റോഡ് വലിയവീട്ടിൽ ഹാഷിമിന്റെ പക്കലാണു ഹജുമായി ബന്ധപ്പെട്ടു വിവിധ രാജ്യങ്ങൾ പുറത്തിറക്കിയിട്ടുള്ള സ്റ്റാംപുകൾ ഉള്ളത്.
മൂന്നു ദശകത്തിലേറെയായി സ്റ്റാംപുകൾ ശേഖരിക്കുന്ന ഹാ ഷിം ഇടക്കാലത്താണു ഹജുമായി ബന്ധപ്പെട്ട സ്റ്റാംപുകൾ തേടിത്തുടങ്ങിയത്. ഇപ്പോൾ ഇത്തരത്തിൽ ഇറങ്ങിയിട്ടുള്ള ഒട്ടുമിക്ക സ്റ്റാപുകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. സൗദി അറേബ്യയാണ് ഹജ് സ്റ്റാംപുകൾ കൂടുതലായി ഇറക്കിയിട്ടുള്ളത്.
മെക്കയിലെ ഹറം പള്ളിയാണ് ഒട്ടുമിക്ക സ്റ്റാംപുകളിലും ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിനു പുറമെ ഹജുമായി ബന്ധപ്പെട്ടു നടക്കുന്ന കല്ലെറിയൽ ചടങ്ങ്, മിനായിലെ ടെന്റുകളുടെ നിര, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവയും ഹജ് സ്റ്റാംപുകളിൽ വിഷയമായിട്ടുണ്ട്.
കൂടാതെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മറ്റ് അപൂർവ സ്റ്റാംപുകളും ഹാഷിമിന്റെ പക്കലുണ്ട്. ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ ചിത്രവുമായി ഇറാക്ക് പുറത്തിറക്കിയിട്ടുള്ള സ്റ്റാംപ്, സദ്ദാമിന്റെ കുവൈത്ത് അധിനിവേശക്കാലത്ത് അതിനെതിരെയുള്ള സന്ദേശവുമായി യുഎഇ ഇറക്കിയ സ്റ്റാംപ് എന്നിവ അവയിൽ ഉൾപ്പെടുന്നു.
അറബിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഈദ് ആശംസകളോടെ അമേരിക്ക ഒരു സ്റ്റാംപ് പുറത്തിറക്കിയിട്ടുണ്ടെന്നതു പലർക്കും പുതിയ അറിവായിരിക്കും. ആ സ്റ്റാംപും ഹാഷിമിന്റെ കയ്യിലുണ്ട്.
ജവാഹർലാൽ നെഹ്രുവിന്റെ ചിത്രവുമായി ഈജിപ്ത് പുറത്തിറക്കിയിട്ടുള്ള സ്റ്റാംപ്, 1976– ലെ മോൺട്രിയൽ ഒളിംപിക്സിനോടനുബന്ധിച്ചു ദക്ഷിണകൊറിയ പുറത്തിറക്കിയ ത്രിമാന സ്റ്റാംപ്, രണ്ടെണ്ണം ചേർത്ത് ഒട്ടിച്ചാൽമാത്രം പൂർണമാകുന്നവ, ത്രികോണ – അഷ്ടഭുജാകൃതിയിലുള്ള സ്റ്റാംപ് എന്നിവയും ഹാഷിമിന്റെ ശേഖരത്തിലുണ്ട്.
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!